Friday, August 31, 2018

തീയുടെ ചുണ്ട്


നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു. ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്ചത്. ഇന്ദ്രിയങ്ങളിൽ പ്രണയരാഗമായി കാറ്റ്, നീയോ ചതുരൻ കാറ്റ് പോലെ പറക്കുന്നു ഓരോ കാറ്റും ചെറുത്തു നിൽക്കുകയല്ല തമ്മിൽ ചേരാൻ വെമ്പുകയാണ്. എന്നാലോ അത് അങ്ങനെയല്ലെന്ന് ആണയിട്ട് നീയോടുന്നു. എങ്കിലും  ഉണക്കപുല്ലിനു തീപിടിച്ചത് പോലെ നിന്റെ ഉള്ളറകളിൽ തീയാളുന്നു.

Wednesday, August 29, 2018

ഗസൽ


ഗസൽ നീറിപ്പിടിക്കുമ്പോൾ നിന്നെയല്ലാതെ മറ്റെന്ത് അനുഭവിക്കും ഞാൻ. മഞ്ഞിന്റെ വിരലുകൾ പതിയുമ്പോൾ നിന്നിലേക്കല്ലാതെ മറ്റെവിടേക്ക് യാത്രതിരിക്കും. രാത്രികളിൽ കിനാവുകൾ വിതച്ച് മടങ്ങുന്ന നീ ഏത് ശരത്കാലത്തിന്റെ പുത്രിയാണ്. ഞാൻ നിന്നെ തിരയുമ്പോൾ ഞാൻ എന്നിൽ ഖബറക്കപ്പെടുന്നു..

നീലവിരി


നീലവിരിക്കപ്പുറം നീലനയനങ്ങൾ കാലത്തിനു പിന്നാമ്പുറത്തെന്നപൊലെ ഒഴുകിനടക്കുന്നു. കാണുന്നില്ലെങ്കിലും ഷഹനായിയിൽ നിന്നും സാന്ദ്രമായൊഴുകുന്ന സംഗീതം ചിത്രം വരക്കുന്നുവോ അകമേ... നൊമ്പരത്തിന്റെയൊരു വിത്ത് ആയിരം ആകാശബലത്തോടെ ഉഴുതുമറിക്കുന്നുവോ. എന്റെതന്നെ ഇരിപ്പിടത്തിൽ ഞാനിളകിയാടുന്നുവോ... നീ അദൃശ്യയെങ്കിലെന്ത് ഓളങ്ങൾ നിന്നെ വരക്കുന്നു.

മൌനവും പാടുന്നു


മഞ്ഞിന്റെ മൌനക്കൂട്ടിൽ ഇനിയും എഴുതാത്തൊരു കവിത. ഒരു കവി, ഇനിയും വിരിഞ്ഞിട്ടില്ലാത്ത മൊട്ടിൽ വിങ്ങുന്നു. തനിയെ തെളിഞ്ഞൊരു തിരിയുടെ ചൂട് എന്നെയുരുക്കുന്നു. ചുണ്ടിൽ നിന്നുമകലേക്ക് കടന്നുകളഞ്ഞൊരു ചഷകം മോഹത്തിന്റെ വീഞ്ഞുകാട്ടി വിളിക്കുന്നു. ഞാനെവിടെയാണ്, ആകാശത്തിന്റെ പാരപ്പറ്റിൽ ആയിരം കൊളുത്തുകളിൽ മുറുകി തലകീഴായി ആടുന്നു..

Tuesday, August 28, 2018

പ്രണയം


മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്.  മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ പ്രണയത്തിനും...  പെയ്തില്ലെങ്കിൽ ഒരാകാശം തന്നെ പൊട്ടി പോകുമെന്ന്. പ്രണയം പെയ്തില്ലെങ്കിലോ, ഒരുവേള മരവിച്ചു പോകുമായിരിക്കാം.

Monday, August 27, 2018

യാത്ര

    ഈ യാത്ര എവിടേക്കെന്ന് നീയോ ഞാനോ അറിയാതെ, എന്നാൽ ഹൃദയത്തിന്റെ അരികിൽ തീ തെളിയുമ്പോൾ, ചിന്തകൾ കൊഴിയുമ്പോൾ, മഴയും പാടുമ്പോൾ വനമതേറ്റെടുക്കുമ്പോൾ ഉള്ളറകളിൽ നീർക്കമ്പികൾ നിരക്കുന്നു.  കാലം തിരഞ്ഞ തുള്ളികളിൽ തീ പടരുന്നു.  നീയൊരു നൃത്തമായി മാറുകയോ.. ഹൃദയം കളഞ്ഞുപോയൊരു തെരുവിലേക്ക് മടക്കയാത്രയോ…   ഹൃദയത്തിൽ ഹൃദയമര്‍ത്തി, കാലത്തിൽ കാലത്തെ ഖബറടക്കി നിശബ്ദതക്ക് കീഴ്പ്പെടുകയോ.. ആത്മാവിൽ ഇടിവാൾ മുനയോടെ നീ പരക്കം പായുന്നു.. 

വെളിച്ചത്തിന്റെ ചാറ്

പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...