Monday, September 10, 2018

വെളിച്ചത്തിന്റെ ചാറ്


പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാതയുടെ, വീഴുന്ന ഇരുട്ടിൽ ഒരു കൈത്താങ്ങായി ആ നാളം. സ്നേഹിക്കുകയെന്നാൽ, ജനാലകൾ കൊട്ടിയടക്കുകയെന്നല്ല, ബഹളങ്ങളിൽ രമിക്കുകയെന്നല്ല... ഒറ്റക്കിരുന്ന് നീറുന്ന നിമിഷങ്ങളിൽ അകമേക്ക് സഞ്ചരിക്കുമ്പോൾ ഞാൻ പാനം ചെയ്യുന്നത് ആ വെളിച്ചത്തിന്റെ ചാറല്ലാതെ മറ്റെന്ത്.

Saturday, September 8, 2018

നിറവ്


നീ നിന്റെ നിശബ്ദതയിൽ ആയിരം പദങ്ങൾ പേറുന്ന അഗ്നിയുടെ ഓളങ്ങളായി മാറുന്നു. ഏറ്റവും മൌനമായ അതിലേറേ ഭാരത്തോടെ  മഴമേഘത്തിന്റെ സ്വന്തം തുള്ളിയുടെ വിങ്ങലോടെ. ഇനിയാ തുള്ളിയെ കീറിമുറിക്കുമ്പോൾ ഒരു കടലാണ് പിടയുക. ഞാൻ നിന്നോ ഇരുന്നോ നീ വേരുകളാഴ്ത്തുന്നത് അറിയുന്നു.. ഹൃദയത്തിന്റെ ഇടനാഴിയിൽ ഒരു കാറ്റ് വീശിയടിക്കുന്നു.. നീ ചുവന്ന് നിറയുന്നു..

Thursday, September 6, 2018

തിരകൾ


     തീരത്ത്‌ അലസം വരുന്ന തിരകളിൽ നിന്നെ തന്നെയാണ് അനുഭവിക്കുന്നത്. ഉടൽ അറിയുന്നില്ലെങ്കിലും കാണാമറയത്ത് നാം ഒറ്റയിലേക്ക് പരിഭാഷപ്പെടുന്നു. അരഞ്ഞാണച്ചരടിൽ ഉരുമ്മിനിൽക്കുന്ന പരൽമീനിൽ നിന്നെ വായിക്കുന്നു. ഇനി തീരത്ത് മുറുകുന്നത് തിരയുടെ വിരലുകളെങ്കിലോ എന്നിൽ മുറുകുന്നത് നീ തന്നെ. തിരയുടെ ആയിരം നാവുകൾ പാടുന്നു.. അങ്ങ് ദൂരെ വെളിച്ചത്തിന്റെ സുഷിരങ്ങള്‍ പാകി കപ്പൽ അടുക്കുന്നു .. കാലം കാലത്തിൽ ചുരുണ്ടുകൂടി കിടക്കുന്നു. ഞാനോ നീയോ, നമ്മിൽ തന്നെ നമ്മെ നടക്കി വയ്ക്കുന്നു. നിന്റെ കരിഞ്ഞുപോയ പുഞ്ചിരി വിടരുന്നു. ഞാനീ ഹൃദയതീരത്ത്‌ പ്രണയത്തിന്റെ സൈറന്‍ കാത്തു നില്‍ക്കുന്നു..

Tuesday, September 4, 2018

അക്ഷരപാതയിൽ


പ്രണയത്തിന്റെ ലഹരിയെ വായിച്ചുപോകുമ്പോൾ പദങ്ങൾ മായുന്നു. മൂടൽ മഞ്ഞിലെന്നോണം ഒരു ചിത്രം, എന്നാൽ രൂപമില്ലാതെ. ഹൃദയ അറയിലൂടെ വയലറ്റു പൂവിന്റെ ദേശാടനം. മഴത്തുള്ളി മിഴിതുറക്കുന്നത്, ആനന്ദം ഉറവയെടുക്കുന്നത്, കരണ്ടുകമ്പിയിലങ്ങനെ ഒട്ടി തൂങ്ങിയാടുന്നത്... കാലം തടവറയുടെ കൂടുതുറന്ന് സ്വാതന്ത്ര്യത്തിലേക്ക് പറത്തിവിടുന്നത്....

Saturday, September 1, 2018

കാറ്റുതരുന്നത്


മുല്ലവള്ളികളിൽ രാപാർക്കുന്ന മഞ്ഞിന്റെ ഉന്മാദ ഭാഷയാണ് ആ‍ത്മാവിൽ വിരിയുന്ന നീ. നീ നിന്നിൽ നിന്നും ഊരിനിൽക്കുന്നത്, നിന്നിൽ തന്നെ തീ ചുരത്തുന്നത്, വനത്തിലെ ഒറ്റയടിപാത മുറിച്ച് മലച്ച് കിടക്കുന്നൊരു വേരു ഭാഷയാകുന്നത്. ഇത് സ്വപ്നമല്ല, എന്നിലേക്ക് വലിച്ചുകെട്ടിയ നീ എന്നെ പഠിപ്പിക്കുന്നത്. ഒരു കമ്പ്, ഒരേയൊരു കമ്പ് ഒടിഞ്ഞ് മൂർച്ചയോടെ ഏകാന്തതയിലേക്ക് പാറിനിൽക്കുന്നത് പോലെ മുലഞെട്ടുകളിലെ തീ.. തീ ഒരു നിറമല്ല, അതൊരു ദേശമല്ല, അതൊരു രാഗവുമില്ല.. പിന്നെയോ വിവരിക്കാനാവാത്ത ഒന്ന്. നിന്റെ ചുണ്ടുകൾ ഇലകൾക്കിടയിലെ മൌനമായ ഭാഷയോടെ ഒതുങ്ങിയിരിക്കുന്നു. നിന്റെ ആത്മാവിലോ പക്ഷികൾ കൊത്തിവലിക്കുന്നത് പോലെ മറ്റൊന്ന്. നീ പനിയുടെ ജ്വരത്താലെന്ന പോലെ ഏകാന്തതയിൽ തുടിക്കുന്നു. ഞാൻ നിന്നെയെഴുതുന്നു, വരക്കുന്നു. അക്ഷരങ്ങളും വരകളും നമ്മെ കൊണ്ടുപോകുന്നു.

Friday, August 31, 2018

തീയുടെ ചുണ്ട്


നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു. ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്ചത്. ഇന്ദ്രിയങ്ങളിൽ പ്രണയരാഗമായി കാറ്റ്, നീയോ ചതുരൻ കാറ്റ് പോലെ പറക്കുന്നു ഓരോ കാറ്റും ചെറുത്തു നിൽക്കുകയല്ല തമ്മിൽ ചേരാൻ വെമ്പുകയാണ്. എന്നാലോ അത് അങ്ങനെയല്ലെന്ന് ആണയിട്ട് നീയോടുന്നു. എങ്കിലും  ഉണക്കപുല്ലിനു തീപിടിച്ചത് പോലെ നിന്റെ ഉള്ളറകളിൽ തീയാളുന്നു.

Wednesday, August 29, 2018

ഗസൽ


ഗസൽ നീറിപ്പിടിക്കുമ്പോൾ നിന്നെയല്ലാതെ മറ്റെന്ത് അനുഭവിക്കും ഞാൻ. മഞ്ഞിന്റെ വിരലുകൾ പതിയുമ്പോൾ നിന്നിലേക്കല്ലാതെ മറ്റെവിടേക്ക് യാത്രതിരിക്കും. രാത്രികളിൽ കിനാവുകൾ വിതച്ച് മടങ്ങുന്ന നീ ഏത് ശരത്കാലത്തിന്റെ പുത്രിയാണ്. ഞാൻ നിന്നെ തിരയുമ്പോൾ ഞാൻ എന്നിൽ ഖബറക്കപ്പെടുന്നു..

വെളിച്ചത്തിന്റെ ചാറ്

പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...